മത വികാരം വ്രണപ്പെടുത്തി: രഹന ഫാത്തിമയ്‌ക്കെതിരായ കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചു

പത്തനംതിട്ട: ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു. അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹനാ ഫാത്തിമ അറസ്റ്റിലായത്. കേസില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

പത്തനംതിട്ട പൊലീസാണ് കഴിഞ്ഞ ദിവസം രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു.

രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ സസ്‌പെന്റ് ചെയ്തിരുന്നു.

ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നിഷന്‍ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

Top