ഇരുമുടിക്കെട്ട് ഐ.ജി ശ്രീജിത്തിനെ ഏല്‍പ്പിച്ചെന്ന് രഹന ഫാത്തിമ !

കൊച്ചി: പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു എന്ന് രഹന ഫാത്തിമ. ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബസില്‍ വച്ചു തന്നെ ഇരുമുടിക്കെട്ട് പൊലീസുകാര്‍ പരിശോധിച്ചിരുന്നു എന്നും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഹന പറഞ്ഞു.

പൊലീസിന്റെ കുഴപ്പം കൊണ്ടല്ല ശബരിമലയില്‍ എത്താന്‍ സാധിക്കാത്തത്. പൊലീസ് എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. കുട്ടികളെപ്പോലും നിലത്ത് കിടത്തിയാണ് അവര്‍ സമരം നടത്തിയത്. സ്ഥിതി ഗുരുതരമായപ്പോള്‍ തിരിച്ചു പോരുകയാണെന്നും രഹന കൂട്ടിച്ചേര്‍ത്തു.

കവിതയെ നേരിട്ട് പരിചയമില്ല. ഗണപതി കോവിലില്‍ എത്തിയപ്പോള്‍ മാത്രമാണ് കവിതയെ പരിചയപ്പെടുന്നത്. കെ. സുരേന്ദ്രനെ നേരിട്ട് അറിയില്ലെന്നും ആരുടെയും യാതൊരു വിധ സഹായങ്ങളും ഇല്ലാതെയാണ് മലകയറാന്‍ എത്തിയതെന്നും രഹന വ്യക്തമാക്കി. സ്ത്രീകള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പുലികളി അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും അത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും രഹന ഫാത്തിമ തുറന്നടിച്ചു.

താന്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്നും പമ്പമുതല്‍ സന്നിധാനം വരെ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുമെന്നും ഉള്ള തന്ത്രിയുടെ പ്രതികരണത്തിനെതിരെ കേസ് കൊടുക്കുമെന്നും രഹന പറഞ്ഞു.

Top