ചേതേശ്വര്‍ പൂജാരയെയും ശിഖര്‍ ധവാനെയും പിന്തുണച്ച് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ രംഗത്ത്. ഇരുവരുടെയും ഫോമില്‍ ടീമിന് ആശങ്കയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഇരുവരെയും ഉള്‍പ്പെടുത്തണോയെന്ന് കോച്ചും ക്യാപ്റ്റനും തീരുമാനിക്കുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ ചേതേശ്വര്‍ പൂജാരയുടെയും ശിഖര്‍ ധവാന്റെയും ഫോമില്ലായ്മ മൂലം ഇരുവരെയും പുറത്തിരുത്തണമെന്നതടക്കമുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റന്റെ കടന്നു വരവ്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുകയാണ്. സമീപ കാലത്തെ മികച്ച് പ്രകടനങ്ങളുടെ ബലത്തില്‍ ഇംഗ്ലീഷ് മണ്ണില്‍ വിപ്ലവം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.
ശിഖര്‍ ധവാന്റെ പ്രകടനത്തെ കുറിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും പരാമര്‍ശിച്ചിരുന്നു. ടെസ്റ്റില്‍ ചിലപ്പോള്‍ ധവാന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ മുരളി വിജയ് കെ എല്‍ രാഹുല്‍ എന്നിവരെ ഓപ്പണിംഗ് ബാറ്റിനായി അയക്കുന്നതാണ് ടീമിന്റെ വിജയത്തിന് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്ന് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.