ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാന്‍.
അഴിമതി ആരോപിതനായ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും അടുത്ത് തന്നെ വിരമിക്കാനിരിക്കുന്ന കരസേന മേധാവി ജനറല്‍ റഹീല്‍ ഷരീഫിനും സ്വന്തം സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ സംഘര്‍ഷം അനിവാര്യമാണ്.
ഇന്ത്യയുമായി ബന്ധം കൂടുതല്‍ വഷളാവുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യം തങ്ങള്‍ക്ക് ‘ഭദ്രത’ നല്‍കുമെന്ന് കണ്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പാക് ഭരണകൂടവും സൈനിക മേധാവിയും അനുമതി നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ഉറി ആക്രമണത്തിന് അതിര്‍ത്തി കടന്ന് ഇന്ത്യ നല്‍കിയ തിരിച്ചടി പാക് സേനയേക്കാള്‍ വിരമിക്കാനിരിക്കുന്ന സൈനിക മേധാവിക്കാണ് വ്യക്തിപരമായി വന്‍ പ്രഹരമായി മാറിയത്.
ഈ ‘കറ’ മായ്ച് കളയാന്‍ തിരിച്ചടിച്ചില്ലെങ്കില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാനെ നാണം കെടുത്തിയ ആക്രമണം തന്റെ കാലത്താണ് നടന്നതെന്നും തന്റെ കഴിവ്‌കേടായി ഭാവിയിലും അത് വ്യാഖ്യാനിക്കപ്പെടുമെന്നും റഹീല്‍ ഷരീഫ് ഭയക്കുന്നുണ്ടത്രെ.
അതിര്‍ത്തിയില്‍ പലവട്ടം സന്ദര്‍ശനം നടത്തി പാക് സൈനിക മേധാവി മടങ്ങിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചായായി പ്രകോപനങ്ങള്‍ ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ രണ്ടിന് പാക് തലസ്ഥാനം സ്തംഭിപ്പിക്കല്‍ സമരത്തിന് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ തെഹ്‌രികെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാന്‍ ആഹ്വാനം ചെയ്യുക കൂടി ചെയ്തതോടെ നവാസ് ഷരീഫിനെ സംബന്ധിച്ചും നില അവതാളത്തിലാക്കിയിരിക്കുകയാണ്.
ഇമ്രാന്‍ഖാനെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ സേനയുടെ സഹായം പ്രധാനമന്ത്രിയുടെ വിശ്വസ്തരായ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് എന്നിവര്‍ സേനാ ആസ്ഥാനത്തെത്തി സൈനിക മേധാവി റഹില്‍ ഷരീഫിനോട് തേടിയതും അസാധാരണമായ നടപടിയാണ്.
പാക് ചാരസംഘടനയായ ഐഎസ്‌ഐ ഭീകര സംഘടനകള്‍ക്ക് നല്‍കുന്ന പിന്‍തുണയെച്ചൊല്ലി പാക് ഭരണകൂടവും സേനാ നേതൃത്വവും തമ്മിലുള്ള ഭിന്നതയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായതായാണ് പ്രമുഖ പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇങ്ങനെ ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് ഉഴലുന്ന പാക്കിസ്ഥാന്‍ എന്ത് കടുംകൈ ചെയ്യാനും മടിക്കില്ലെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും വിലയിരുത്തുന്നത്.
പാക് പ്രകോപനത്തിന് ഇന്ത്യ കഴിഞ്ഞ ദിവസം നല്‍കിയ തിരിച്ചടിയില്‍ 15 പാക് പട്ടാളക്കാരാണ് ഒറ്റയടിക്ക് കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിനിടെ വീരമൃത്യു വരിച്ച ഒരു ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ പാക് സൈന്യത്തിന്റെ നടപടി ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്
ശക്തമായ തിരിച്ചടിയാണ് ഇതിന് അതിര്‍ത്തിയില്‍ ഇപ്പോള്‍ ഇന്ത്യ നല്‍കി വരുന്നത്.
പ്രഖ്യാപിത യുദ്ധമല്ലെങ്കിലും അതിര്‍ത്തിയില്‍ ഇപ്പോള്‍ ശരിക്കും യുദ്ധം തന്നെയാണ് നടക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
തങ്ങളുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ പാക് പട്ടാളവും രാജ്യത്തിനെതിരായ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യവും നടത്തുന്ന ഏറ്റുമുട്ടല്‍ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നയിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയ പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇന്ത്യയില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്റെ ‘അതിമോഹ’ത്തിന് കനത്ത തിരിച്ചടി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.