ദുബൈ: റഹ്മാന്റേയും കൂട്ടരുടെയും സംഗീതം ആസ്വദിക്കാന്‍ എക്‌സ്‌പോയിലേക്ക് ശനിയാഴ്ച ജനമൊഴുകി. രാത്രി ഏഴുമണിക്ക് ജൂബിലി പാര്‍ക്കില്‍ നടന്ന എ.ആര്‍. റഹ്മാന്റ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പെര്‍ഫോമന്‍സ് കാണാന്‍ വേദിയും നിറഞ്ഞ ആള്‍ക്കൂട്ടമായിരുന്നു. വളരെ നേരത്തെ എത്തിയവര്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്.
വിശ്വമേളയുടെ ബഹിരാകാശ വാരത്തിന്റ സമാപനം എന്നനിലയില്‍ അവതരിപ്പിക്കപ്പെട്ട സംഗീതനിശ, ആസ്വാദകരില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. പരിപാടിയുടെ തുടക്കത്തില്‍ സദസ്സിനെ അഭിമുഖീകരിച്ച റഹ്മാന്‍ ‘വണക്കം, നന്‍ട്രി’ എന്നു പറഞ്ഞാണ് സംസാരം ആരംഭിച്ചത്.
ലോകോത്തരമായ വേദിയില്‍ മികച്ച സംവിധാനമൊരുക്കി പരിഗണിച്ച എക്‌സ്‌പോ സംഘാടകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാന്‍ കംപോസ് ചെയ്ത പ്രത്യേക രീതിയും ഉള്‍ക്കൊള്ളിച്ചതായിരുന്നു ഓര്‍കസ്ട്ര. 23 വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള 50 കലാകാരികളാണ് ഫിര്‍ദൗസ് ഓര്‍കസ്ട്രയില്‍ അണിചേര്‍ന്നത്. എക്‌സ്‌പോ ടി.വിയിലൂടെ ലൈവ് ബ്രോഡ്കാസ്റ്റിങ് വഴിയും നിരവധിപേര്‍ പരിപാടി ആസ്വദിച്ചു.