ദുബായി എക്സ്പോയിൽ ഇന്ന് റഹ്‌മാൻ എത്തും; ബഹിരാകാശം വിഷയമാക്കി കലാപ്രകടനം

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ ശ്രദ്ധേയ സംഗീത പരിപാടിയായ ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ പ്രകടനം ശനിയാഴ്ച ജൂബിലി പാര്‍ക്കിലെ വേദിയില്‍ അരങ്ങേറും. ഒരാഴ്ചയായി നടന്നുവരുന്ന ബഹിരാകാശ വാരാചരണത്തിന്റെ സമാപനമെന്ന നിലയിലായിരിക്കും ഗ്രാമി അവാര്‍ഡ് ജേതാവായ എ.ആര്‍. റഹ്മാന്‍ നേതൃത്വം നല്‍കുന്ന കലാപ്രകടനം അവതരിപ്പിക്കുക. ബഹിരാകാശം പ്രമേയമാകുന്ന ഓര്‍ക്കസ്ട്ര പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാന്റെ ഒറിജിനല്‍ കോമ്‌ബോസിഷനും ഉള്‍പ്പെടുന്നതാണ്. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുക.

യാസ്മിന സബ്ബാഹ് നേതൃത്വം നല്‍കുന്ന ഓര്‍ക്കസ്ട്ര സംഘത്തില്‍ അറബ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 വനിതകളാണ് അണിനിരക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബഹിരാകാശ സ്വപ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ തീമിലുള്ള അവതരണങ്ങളാണുണ്ടാവുക. അറിയാത്ത ലോകത്തെക്കുറിച്ച് അറിയാനുള്ള കൗതുകം ജീവിതത്തിന്റെ ഭാഗമാണെന്നും ബഹിരാകാശ ദൗത്യങ്ങളിലൂടെ നമ്മള്‍ നമ്മെ തന്നെയാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും എ.ആര്‍. റഹ്മാന്‍ പറഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ ആരംഭിച്ച എക്‌സ്‌പോയിലെ ബഹിരാകാശ വാരത്തില്‍ ബഹിരാകാശ യാത്രികര്‍, വിദഗ്ധര്‍, ഗവേഷകര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തിരുന്നു. ബഹിരാകാശ ഗവേഷണത്തിലെയും യാത്രകളിലെയും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വിവിധ രാജ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികള്‍ ഒരുക്കുകയുമുണ്ടായി.

Top