കൊച്ചി: മത വികാരം വ്രണപെടുത്തിയ കേസില്‍ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ലെന്നും തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രഹന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്. തത്വമസി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രഹന ഫാത്തിമ പലരുടെയും കണ്ണിലെ കരടായി മാറി.