രാജ്യം വലിയ ഭീതിയിലൂടെയാണിപ്പോള്‍ കടന്നു പോകുന്നത്. കോവിഡ് സകല മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
മറ്റെല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട ഈ സമയത്തും രാഷ്ട്രീയ വിളവെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളും അതാണ്.
സ്വന്തം എം.എല്‍.എമാര്‍ കൂറ് മാറുമെന്ന് ഭയന്ന് റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ്. വലിയ ഗതികേടാണിത്. കര്‍ണ്ണാടകക്കും മഹാരാഷ്ട്രക്കും മധ്യപ്രദേശിനും പിന്നാലെ ഈ റിസോര്‍ട്ട് രാഷ്ട്രീയം ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കുമാണ് പടര്‍ന്നിരിക്കുന്നത്.
ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ്സിന് ലഭിക്കേണ്ട രാജ്യസഭ സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പി ഇത്തരത്തില്‍ കൂറുമാറ്റം പയറ്റുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ തന്നെ താഴെ ഇടാനും നീക്കങ്ങള്‍ സജീവമാണ്. കൂറ് മാറ്റം ഭയന്ന് മുഴവന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്.
ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എക്ക് 25 കോടി വീതം ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രി തന്നെ ആരോപിക്കുന്നത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ അട്ടിമറിച്ച മാര്‍ഗ്ഗം തന്നെയാണ് രാജസ്ഥാനിലും പയറ്റുന്നതെന്നാണ് ആക്ഷേപം.
കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ് ഇവിടെ പകച്ചു നില്‍ക്കുന്നത്. സോണിയ മുതല്‍ രാഹുല്‍ ഗാന്ധി വരെ, വലിയ പരാജയമായിക്കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ഒരു ഇടപെടല്‍ നടത്താന്‍ ഹൈക്കമാന്റിനും കഴിയുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. അതു കൊണ്ട് തന്നെയാണ് കര്‍ണ്ണാടകയും, മധ്യപ്രദേശും മുമ്പ് തന്നെ കൈവിട്ട് പോയിരിക്കുന്നത്. വെറും വയനാട് എം.പിമാത്രമാണിപ്പോള്‍ രാഹുല്‍ ഗാന്ധി. അങ്ങനെ ഒതുങ്ങി കൂടാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്.
സരിതയുടെ ഹര്‍ജിയില്‍ തീരുമാനം എതിരായാല്‍ ഈ സ്ഥാനവും രാഹുലിന് തല്‍ക്കാലം കൈവിട്ടു പോകും. ഒരു ദേശീയ നേതാവ് സ്വയം ചുരുങ്ങുക മാത്രമല്ല സ്വന്തം പാര്‍ട്ടിയെ തന്നെയാണ് ആ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. അതിന്റെ പരിണിതഫലം കൂടിയാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍.
ലോകസഭയില്‍ മൃഗീയ മേധാവിത്വമുള്ള ബി.ജെ.പി മുന്നണിക്ക് ഇനി ആവശ്യം രാജ്യസഭയിലെ ഭൂരിപക്ഷമാണ്. അത് നേടിയെടുക്കാന്‍ ഒരു കൊലയാളി വൈറസും അവര്‍ക്ക് തടസ്സമില്ല.
245 അംഗ രാജ്യസഭയില്‍ ബി.ജെ.പി മുന്നണിയുടെ അംഗബലം 91 മാത്രമാണ്.
അംഗബലം നൂറിലധികമാക്കാനാണ് ബിജെപി നിലവില്‍ ശ്രമിക്കുന്നത്. ഇതിനായാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ചാക്കിലാക്കുന്നത്. ഗുജറാത്തില്‍ നിന്ന് രണ്ടും, മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരെയും ജയിപ്പിക്കാനുള്ള അംഗബലമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഗുജറാത്തില്‍ നിന്ന് മൂന്നും മറ്റിടങ്ങളില്‍നിന്ന് രണ്ടുവീതവും പേരെ ജയിപ്പിക്കാനുള്ള കുതിരക്കച്ചവടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ ഇപ്പോള്‍ നടന്നിരിക്കുന്നത്.
കെ സി വേണുഗോപാല്‍, നീരജ് ദങ്കി എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 അംഗങ്ങളാണുളളത്. ബിജെപിക്കുളളത് 72 പേരാണ്. ഇതിന് പുറമെ സ്വതന്ത്രരും മറ്റുള്ളവരുമായി 21 അംഗങ്ങളും വെറെയുണ്ട്. 51 വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കാണ് വിജയിക്കാന്‍ കഴിയുക. ഇവിടെ കോണ്‍ഗ്രസിലെ അന്തഃഛിദ്രം മുതലെടുക്കാനാണ് ബിജെപി രണ്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.
രാജ്യസഭയില്‍ അംഗബലം കൂട്ടുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ഏറെ അനിവാര്യമാണ്.
അത് ഏത് മാര്‍ഗ്ഗം സ്വീകരിച്ചും നേടിയെടുക്കുകയാണ് ലക്ഷ്യം. കോടികള്‍ വീശിയാല്‍ ചാക്കില്‍ കയറാന്‍ തക്കം നോക്കി നില്‍ക്കുന്നവരാണ് അവരുടെ ഇരകള്‍. കോണ്‍ഗ്രസ്സിന്റെ ശാപവും ഇത്തരം ജനപ്രതിനിധികളാണ്. ആരൊക്കെ കൂറു മാറിയെന്ന് വ്യക്തമാകാന്‍, രാജ്യസഭ തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്സിനും ഇനി കാത്ത് നില്‍ക്കേണ്ടി വരും.
വിവാദ പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ, ഏകീകൃത സിവില്‍ കോഡും പരിവാറിന്റെ അജണ്ടയാണ്. യു.പി നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഈ നിയമം നടപ്പാക്കണമെന്ന ആഗ്രഹമാണ് സംഘപരിവാര്‍ സംഘടനകള്‍ക്കുമുള്ളത്.
യു.പി യില്‍ യോഗിയ്ക്ക് എതിരാളിയായി പ്രിയങ്കാ ഗാന്ധി വരുമെന്ന ആശങ്കയും കാവിപ്പടയ്ക്കുണ്ട്.
നിരന്തരം യു.പിയിലെ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് യോഗി സര്‍ക്കാറിന് വലിയ തലവേദനയാണ്, പ്രിയങ്ക ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി കൈവിട്ടാല്‍ അത് നരേന്ദ്ര മോദിക്കും വന്‍ വെല്ലുവിളിയാകും. അടുത്ത ലോകസഭ തെരഞ്ഞെടുപ്പിലും അതിന്റെ പ്രതിധ്വനി ഉണ്ടാവും.
ഇതു മറികടക്കാനാണ് സെന്‍സിറ്റീവ് വിഷയങ്ങളില്‍ ഇടപെട്ട് പരിവാര്‍ സംഘടനകള്‍ ഇപ്പോഴേ പിടിമുറുക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്നും കേന്ദ്രത്തെ യഥാര്‍ത്ഥത്തില്‍ രക്ഷിച്ചത്, കോവിഡാണ്.
വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഡല്‍ഹി ഷഹീന്‍ബാഗില്‍ ഉള്‍പ്പെടെ ‘സമരതീ’ അണഞ്ഞിരുന്നത്.
രാജ്യവ്യാപകമായി അലയടിച്ച ഈ പ്രക്ഷോഭത്തിന് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മനുഷ്യശൃംഖല തീര്‍ത്താണ്. 70 ലക്ഷത്തിലധികം പേരാണ് ഈ മഹാ ശൃഖലയില്‍ പങ്കെടുത്തിരുന്നത്.
ഡല്‍ഹി കലാപത്തിന്റെ വേദനകളെ വഴി തിരിച്ചുവിടാനും, ഈ കൊലയാളി വൈറസിനു കഴിഞ്ഞിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണ് കേന്ദ്രത്തിനിപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ ആത്മവിശ്വാസത്തില്‍ തന്നെയാണ് മറ്റ് ഹിഡന്‍ അജണ്ടകളും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
അതിനായി രാജ്യസഭയിലും സ്വന്തം നിലക്കുള്ള മേധാവിത്വമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായിച്ചിരുന്ന പ്രാദേശിക പാര്‍ട്ടികളില്‍ ബി.ജെ.പിക്ക് ഇപ്പോള്‍ പ്രതീക്ഷയും വളരെ കുറവാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവര്‍ പോലും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കാന്‍ സാധ്യതയില്ലന്നാണ് ബിജെപി കരുതുന്നത്. അണ്ണാ ഡി.എം.കെ,ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ പല നിര്‍ണ്ണായക ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ചവരാണ്.
രാജ്യസഭയില്‍ ബി.ജെ.പിയെ ശക്തമായി പിന്തുണയ്ക്കുന്ന അണ്ണാ ഡി.എം.കെയുടെ ശക്തിയും നിലവില്‍ ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ ബാക്കിയെല്ലാം ഡി.എം.കെ മുന്നണിയാണ് തൂത്ത് വാരിയിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍, 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഭരണപക്ഷം തകര്‍ന്നടിയാനാണ് സാധ്യത. ഇത് രാജ്യസഭയിലെ അംഗബലത്തെയും സാരമായി ബാധിക്കും.
ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ രജനിയെയാണ് രക്ഷകനായി ബി.ജെ.പി നോക്കി കാണുന്നത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമായതിനാല്‍ ജനവികാരവും തമിഴകത്ത് രൂക്ഷമാണ്. സമാന സാഹചര്യമാണ് മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലുമുള്ളത്.
അതേസമയം, ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരവും രൂക്ഷമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പ്രതിരോധം പിഴച്ചതില്‍ നിലവില്‍ ജനങ്ങള്‍ ഏറെ രോഷാകുലരാണ്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഇത് ശക്തമായി പ്രകടമാകാനാണ് സാധ്യത.
കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെങ്കിലും അതിന് വില കൊടുക്കേണ്ടി വരുന്നത് ഇനി സംസ്ഥാന സര്‍ക്കാറുകള്‍ കൂടിയായിരിക്കും. അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനവുമുണ്ടാകും. അത്രമാത്രം പ്രഹരമാണ് കോവിഡ് ജനങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ആദ്യം ലഭിക്കുന്ന അവസരത്തില്‍ തന്നെ, ജനങ്ങള്‍ രോഷം തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ബംഗാളിലെ മമതയുടെ കസേരയും തെറിക്കാനാണ് സാധ്യത. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് പ്രതികൂല സാഹചര്യത്തിലും ബി.ജെ.പി ഇപ്പോള്‍, തന്ത്രപരമായ രാഷ്ട്രീയം കളിക്കുന്നത്.
ഏകീകൃത സിവില്‍ കോഡുള്‍പ്പെടെ പൊടിതട്ടിയെടുക്കുന്നതും അതുകൊണ്ട് തന്നെയാണ്.
Express View