‘കോണ്‍ഗ്രസ് കുടുംബത്തിനൊപ്പം’; ഷുഹൈബിന്റെ പിതാവിന് ആശ്വാസവുമായി രാഹുല്‍

rahul

മട്ടന്നൂര്‍: കോണ്‍ഗ്രസ് എന്നും ഷുഹൈബിന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദിനെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

‘എന്ത് സഹായം ആവശ്യമാണെങ്കിലും ബന്ധപ്പെടാന്‍ രാഹുല്‍ അദ്ദേഹത്തോട് പറഞ്ഞു. കോണ്‍ഗ്രസ് എന്നും കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ഷുഹൈബിന്റെ പിതാവിന് ഉറപ്പ് നല്‍കി.

വ്യാഴാഴ്ച വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണിലേക്കു വിളിച്ചാണ് ഷുഹൈബിന്റെ പിതാവിനോട് രാഹുല്‍ സംസാരിച്ചത്. ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

‘ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീര്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയില്ല. ചായകുടിച്ചു കൊണ്ടിരിക്കെ ഷുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാര്‍ക്കേറെ പ്രിയപ്പെട്ട ഷുഹൈബിന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും ആരും മുക്തരല്ല. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാലുകളിലെ മുറിവില്‍ നിന്ന് ചോര വാര്‍ന്നാണു ഷുഹൈബിന്റെ മരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഷുഹൈബിന്റെ കാലുകളില്‍ മാത്രം 37 വെട്ടുകളാണേറ്റത്.

Top