ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷപദവിയിലേക്ക് എസ് സി-എസ് ടി, ഒ ബി സി വിഭാഗത്തില്‍ പെട്ട ഏതെങ്കിലും നേതാക്കളെ പരിഗണിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി.
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ പദവി രാജി വയ്ക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
കൂടാതെ യു പി എ സഖ്യകക്ഷികളായ ഡി എം കെയും ആര്‍ ജെ ഡിയും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. രാജിവെക്കരുതെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ രാഹുലിന് സാധിച്ചു എന്നായിരുന്നു ഡി എം കെ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്.
അധ്യക്ഷപദത്തിലെത്തുന്നയാള്‍ ഗാന്ധികുടുംബാംഗമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷപദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അതും രാഹുല്‍ നിരാകരിക്കുകയായിരുന്നു.