ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാലും ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും; റിപ്പോർട്ട്

മുംബൈ : ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് നേടത്തോടെ പരിശീലക സ്ഥാനം ഒഴിയണമെന്നാണ് ദ്രാവിഡ് വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ദ്രാവിഡ് പരിശീലക ചുമതല ഏറ്റെടുത്തശേഷവും ഐസിസി കിരീടങ്ങളൊന്നും നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ സെമിയില്‍ പുറത്താവുന്ന പതിവ് കഴിഞ്ഞ വര്‍ഷവും ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലോകകപ്പോടെ കരാര്‍ കഴിയുന്ന രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് കുടരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് പിടി ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ലോകകപ്പിനുശേഷം വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത പരിശീലകര്‍ എന്ന രീതിയിലേക്ക് ബിസിസിഐ മാറിയേക്കുമെന്നും സൂചനയുണ്ട്. ഇംഗ്ലണ്ട് ടീം സ്വീകരിക്കുന്ന ശൈലി പോലെ ടെസ്റ്റിനും ഏകദിനത്തിനും ടി20ക്കുമെല്ലാം വ്യത്യസ്ത പരിശീലകര്‍ എന്ന ആശയം നടപ്പാക്കാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ട്. അങ്ങനെ വന്നാല്‍ ടെസ്റ്റ് ടീമിന്റെ പരിശീലകനായി തുടരാന്‍ ദ്രാവിഡിന് താല്‍പര്യമുണ്ടെന്നാണ സൂചന. ലോകകപ്പിനുശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്ന പേരുകളിലൊന്ന് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ ആശിഷ് നെഹ്റയുടേതാണ്. പരിശീലകനായി ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കിയ നെഹ്റ രണ്ടാം സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ശരാശരി കളിക്കാരില്‍ നിന്നുപോലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നെഹ്റക്കുള്ള കഴിവാണ് ഗുജറാത്തിന്റെ വിജയങ്ങളുടെ അടിസ്ഥാനമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഗുജറാത്ത് ടീമുമായി 2025വരെ കരാറുള്ളതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ നെഹ്റക്ക് താല്‍പര്യമില്ലെന്നും സൂചനയുണ്ട്. ലോകകപ്പ് അവസാനിക്കുന്നതോടെ പുതിയ പരിശീലകനായുളള അന്വേഷണവും ബിസിസിഐ തുടങ്ങുമെന്നാണ് കരുതുന്നത്.

Top