ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകസ്ഥാനത്തേക്കുളള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്. ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ബംഗളുരു വിടാന്‍ താത്പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരമാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്.

അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരുടെ പേരും നേരത്തെ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും വിദേശ പരിശീലകര്‍ക്കാണ് നിലവില്‍ സാധ്യത. അതേസമയം ബൗളിംഗ് കോച്ചായി ഇന്ത്യന്‍ മുന്‍ പേസര്‍ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

വിദേശ പരിശീലകരെയാണ് പരിഗണിക്കുന്നതെങ്കില്‍ മഹേല ജയവര്‍ധനെ ടോം മൂഡി എന്നിവരുടെ പേരുകളായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനാവാനില്ലെന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ കൂടിയായ ജയവര്‍ധനെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി മുന്‍ നായകന്‍ എം എസ് ധോണിയെ ബിസിസിഐ നിയമിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് മാത്രമായി ചുമതല ഏറ്റെടുക്കാമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്. അനില്‍ കുബ്ലെ ഇന്ത്യന്‍ പരിശീലകനായിരുന്നിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

Top