ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും

മുംബൈ: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തുടരും. ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചു. എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന് പരിശീലകസ്ഥാനത്ത് തുടരാനാകുക.

നേരത്തെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ തുടങ്ങിയവരെ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചിരുന്നു. ദ്രാവിഡ് കോച്ചായി തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായി ടി ദിലീപും തല്‍സ്ഥാനങ്ങളില്‍ തുടരും.

ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാടായിരുന്നു. തുടര്‍ന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രസിഡന്റ് റോജര്‍ ബിന്നിയും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പരിശീലക സ്ഥാനത്ത് തുടരാന്‍ ദ്രാവിഡ് സമ്മതിച്ചത്.

Top