Rahul Easwar’s reply for K Surendran in Sabarimala Women’s entry

കൊച്ചി: താന്ത്രിക പാതയില്‍ നില്‍ക്കുന്ന താനടക്കമുള്ളവരുടെ പരാജയമാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രതികരണമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍.

സുരേന്ദ്രന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനോട് Express Kerala യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ പരാമര്‍ശിച്ച് ആര്‍ത്തവത്തെ വിശുദ്ധമായി കാണണമെന്നും വര്‍ഷത്തില്‍ എല്ലാ ദിവസവും ദര്‍ശന സൗകര്യം വേണമെന്ന നിലപാടുകാരെ പിന്‍തുണച്ചുമായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുരേന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ ചൂടുള്ള വാഗ്വാദങ്ങളാണ് നടക്കുന്നത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പോലും സുരേന്ദ്രനെതിരെ പ്രതികരണവുമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് തന്റെ നിലപാടുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഹിന്ദു സാമൂഹിക ശരീരത്തില്‍ വൈദികവും താന്ത്രികവുമായ രണ്ട് കൈകളാണ് ഉള്ളത്. ഇതില്‍ ഒരു കൈ മറ്റൊരു കൈയ്യോട് ഗുസ്തി പിടിക്കുന്നത് ഈ രണ്ട് കൈയ്യും ഒരു ശരീരത്തിന്റെതാണെന്ന തിരിച്ചറിവിന്റെ കുറവാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഇക്കാര്യത്തില്‍ അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നില്ല. താന്ത്രികപാതയിലുള്ളവര്‍ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

അയ്യപ്പന് യുവതികളെ ദേഷ്യമല്ല. എന്നാല്‍ ശബരിമലയില്‍ വരുന്ന അയ്യപ്പന്മാര്‍ എല്ലാവിധ ലൗകീകതയില്‍ നിന്നും മുക്തമായിട്ട് വരണമെന്നതാണ് ഈ ചിന്താഗതിയുടെ അടിസ്ഥാനം.

1896ല്‍ സ്വാമി വിവേകാനന്ദന്‍ ‘രാജയോഗ’ എന്ന പുസ്തകത്തില്‍ ‘ഓജസ്’ എന്ന് പറയുന്ന കാര്യത്തിന്റെ അടിസ്ഥാനമായി നൈഷ്ടിക ബ്രഹ്മചര്യത്തെ വിശാലമായി വിശദീകരിക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിന് സ്ത്രീകള്‍ ശബരിമലയിലെത്തുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ സ്ത്രീ വിരുദ്ധമല്ല പ്രതിഷ്ഠ എന്ന് വ്യക്തമാണ്. യുവതികള്‍ക്ക് വേണ്ടിയുള്ള പ്രായനിയന്ത്രണം മാത്രമാണ് അവിടെ ഉള്ളത്. ഇത് ലിംഗ വിവേചനമല്ല. കാരണം ഓരോ അമ്പലത്തിലും ഓരോ പ്രതിഷ്ഠാ ധര്‍മ്മമാണ്. ശബരിമലയില്‍ നൈഷ്ടിക ബ്രഹ്മചര്യമാണെന്ന് 91ല്‍ ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ഹിന്ദുത്വവും ആത്മീയ ഹിന്ദുത്വവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.

രാഷ്ട്രീയ ഹിന്ദുത്വം ഏകശിലാ രൂപമുള്ള വൈദിക അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യയശാസ്ത്രമാണ്. ആത്മീയ ഹിന്ദുത്വം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പോലെ വളരെ വിശാലമായ വ്യത്യസ്ത ‘വഴി’ കളുള്ള ഒരു ആത്മിയ പാതയാണ്.

അതില്‍ വൈദികം മാത്രമല്ല താന്ത്രികം തുടങ്ങിയ മറ്റ് പാദങ്ങളുമുണ്ട്.

അമ്പലത്തില്‍ പോവുന്നത് ദൈവത്തെ പ്രാര്‍ത്ഥിക്കാനല്ല. പകരം ദേവതയുടെ ദര്‍ശനത്തിന് ഊര്‍ജ്ജം അനുഭവിക്കാനാണ്. അമ്പലം പ്രാര്‍ത്ഥനാലയം മാത്രമല്ല, ഊര്‍ജ്ജ കേന്ദ്രം കൂടിയാണ്. അതാണ് യാഥാര്‍ത്ഥ്യം.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്ത സംഘ്ചാലക് പി.ഇ.ബി മേനോന്‍ തുടങ്ങിയവര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് മാതൃകാപരവും അഭിനന്ദനീയവുമാണ്.

വ്യക്തിപരമായി തനിക്ക് ഏറെ ബഹുമാനമുള്ള വ്യക്തിയാണ് സുരേന്ദ്രന്‍ ജി. അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസിന് ഒരു വനിതാ വിഭാഗം ഉണ്ടായിട്ടും വനിതാ സര്‍ സംഘ്ചാലക് ഉണ്ടാകാത്തത് പോലെ നമ്മുടെ അമ്പലങ്ങളില്‍ ചിലതിനും സ്ത്രീ-പുരുഷ ക്രമീകരണങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് ശബരിമലയെന്നും സ്ത്രീകളുടെ ശബരിമലയെന്നുമെല്ലാം കാവ്യാത്മകമായി വിശേഷിപ്പിക്കുന്നത്. തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.

(കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇല്ല. അഭിപ്രായം ആര്‍ക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നും വര്‍ഷത്തില്‍ എല്ലാ ദിവസവും ദര്‍ശനസൗകര്യം വേണമെന്നും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുന്നതില്‍ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്.

പത്തു വയസ്സിനും അന്‍പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോള്‍ ഭക്തര്‍ക്കു ദര്‍ശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇതു സഹായകരമാവുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.

തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വന്‍തോതില്‍ ചൂഷണം ഭക്തര്‍ നേരിടുന്നുണ്ട്. പിന്നെ ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തന്നെ തെളിയുന്നത്.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്.

ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്റെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

Top