പത്തനംതിട്ട: ശബരിമല സന്ദര്‍ശിക്കാന്‍ വരുന്ന തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള യുവതികളെ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ മുന്‍നിര്‍ത്തി തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഇത് ആചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ്.
91ലെ ഹൈക്കോടതി വിധിപ്രകാരം യുവതികള്‍ക്ക് ഹൈക്കോടതിയില്‍ കയറിക്കൂടാ, ഈ ഉത്തരവ് നടപ്പാക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാവണമെന്നും ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ കൂടിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.
തൃപ്തി ദേശായിയും സംഘവും വിഷയങ്ങള്‍ പഠിച്ചിട്ട് വേണം പെരുമാറാന്‍. അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍,ചക്കുളത്ത്കാവ് എന്നിവിടങ്ങളില്‍ പോയി ദര്‍ശനം നടത്തുകയാണ് ചെയ്യേണ്ടത്.
അയ്യപ്പസന്നിധിയില്‍ മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ അവരുടെ നീക്കമെന്നാണ് കരുതുന്നത്. ഇതിനെ വിവിധ ഭക്തജന സംഘടനകളുടെയും ഹൈന്ദവ സംഘടനകളുടെയും പിന്‍തുണയോടെ അയ്യപ്പധര്‍മ്മസേന ചെറുത്ത് തോല്‍പ്പിക്കും.
സുപ്രീംകോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍ അയ്യപ്പധര്‍മ്മ സേന കക്ഷിയാണ്. സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നത് വരെ നിലവിലെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്തു തന്നെ ജനുവരിയില്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആരാധനയില്‍ ലിംഗനീതി നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന് കരുതുന്നില്ലെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു.
ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഡിസംബര്‍ അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കാനാണ് പദ്ധതി.
സുപ്രീംകോടതിയുടെ ശക്തമായ നിലപാടുകള്‍ ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെ പ്രക്ഷോഭം തുടരാനാണ് അവരുടെ തീരുമാനം.
ശബരിമല ദര്‍ശനം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ഭീഷണികളെ ഭയക്കുന്നില്ലെന്നും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃപ്തി ദേശായി പറഞ്ഞിരുന്നു.
ഹൈന്ദവ സംഘടനകളുടെ പുതിയ നിലപാടോടെ തൃപ്തി ദേശായിയും സംഘവും വന്നാല്‍ ശബരിമലയില്‍ അത് വലിയ സംഘര്‍ഷത്തിന് തന്നെ കാരണമായേക്കും.