കൊച്ചി: തനിക്കെതിരേയുള്ള മീ ടു ആരോപണം തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്നു രാഹുല്‍ ഈശ്വര്‍. മീ ടു പ്രസ്ഥാനത്തെ ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. സുഹൃത്തായ വനിതാ ആര്‍ട്ടിസ്റ്റ് തനിക്കെതിരേ നടത്തിയ മീ ടു ആരോപണത്തിന് കുടുംബാംഗങ്ങളോടൊപ്പം എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു രാഹുല്‍.
വീട്ടില്‍ ആളില്ലാത്ത സമയത്തു രാഹുല്‍ ഈശ്വര്‍ വീട്ടിലേക്കു ക്ഷണിച്ചുവരുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നായിരുന്നു ആരോപണം. ആക്ടീവിസ്റ്റ് ഇഞ്ചിപ്പെണ്ണ് എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു യുവതി ആരോപണമുന്നയിച്ചത്. 2003-2004 കാലയളവില്‍ പന്ത്രണ്ടാം ക്ലാസ് പാസായി നില്‍ക്കുമ്പോഴായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു.ലക്ഷക്കണക്കിനു ഭക്തര്‍ തിക്കിത്തിരക്കി ക്യൂ നില്‍ക്കേണ്ടി വരുന്ന സന്നിധാനത്തു യുവതികളായ ഫെമിനിസ്റ്റുകള്‍ പ്രവേശിച്ചാല്‍ വ്യാജ മീ ടു ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്നു രാഹുല്‍ പറഞ്ഞു.