ന്യൂഡല്‍ഹി: ‘സര്‍ക്കാര്‍ രണ്ടു വ്യവസായികള്‍ക്കായി പ്രവര്‍ത്തിക്കുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് വിഴിഞ്ഞം പദ്ധതി ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി. ചങ്ങാത്ത മുതലാളിയെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് അദാനിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തിന് ക്ഷണിച്ചു കൊണ്ടു വന്നെന്ന് നിര്‍മ്മലസീതാരാമന്‍ ലോക്‌സഭയില്‍ ചോദിച്ചു.
നാം രണ്ട് നമുക്ക് രണ്ട് എന്ന് പരിഹസിച്ചാണ് നാലു പേരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതിനു തിരിച്ചടിയായാണ്, ചങ്ങാത്ത മുതലാളി എന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ വിളിക്കുന്ന മുതലാളിയെ കേരളത്തിലെ തുറമുഖ പദ്ധതിക്കായി ക്ഷണിച്ചു കൊണ്ടു പോയത് ഓര്‍മ്മയില്ലേയെന്ന് ധനമന്ത്രിയുടെ ഇന്ന് ചോദിച്ചത്.
‘ശശി തരൂര്‍ ഇവിടെ ഇരിക്കുന്നുണ്ട്. ഇവരുടെ ഭരണകാലത്ത് തുറമുഖ പദ്ധതിക്കായി ചങ്ങാത്ത മുതലാളിമാരില്‍ ഒരാളെ അല്ലെ ക്ഷണിച്ചു കൊണ്ടു വന്നത്. എന്നിട്ട് എങ്ങനെ നിങ്ങള്‍ ഞങ്ങളെ ചങ്ങാത്ത മുതലാളി എന്ന് വിളിക്കുന്നു. കേരളത്തില്‍ മരുമക്കള്‍ ഇല്ലാത്തതുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ ചെയ്തത്.’ ധനമന്ത്രി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന് മറക്കരുത്. നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ കോണ്‍ഗ്രസ് യൂടേണ്‍ എടുക്കുന്നു. യുപിഎ കാലത്ത് നിയമങ്ങള്‍ മരുമകന് വേണ്ടിയായിരുന്നെന്ന പരാമര്‍ശവും ധനമന്ത്രി നടത്തി. നന്ദിപ്രമേയവും പൊതു ബജറ്റ് ചര്‍ച്ചയും പൂര്‍ത്തിയാക്കിയാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് അടുത്ത ഘട്ടം തുടങ്ങുക.