ആധുനികയുഗത്തിലെ കൗരവര്‍ ; ബിജെപിക്ക് അധികാരത്തിന്റെ അഹങ്കാരമെന്ന് രാഹുല്‍ ഗാന്ധി

modi-rahul

ന്യൂഡല്‍ഹി: ബിജെപിയ്ക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആധുനികയുഗത്തിലെ കൗരവരാണ് ബിജെപിയെന്നും രാഹുല്‍ തുറന്നടിച്ചു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ്, എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോണ്‍ഗ്രസ് എന്തുചെയ്താലും അതു രാജ്യത്തിനു വേണ്ടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ നയിക്കുന്നത് കൊലക്കേസ് പ്രതിയാണ്, കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

നുണകളില്‍ ഇന്ത്യ ജീവിക്കുമോ, അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും ശക്തരുമാണ് രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ‘നമ്മള്‍ രൂപീകരിച്ച അവസാനത്തെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സന്തോഷത്തോടെയല്ല ഞാനിതു പറയുന്നത്. രാജ്യത്തെ ജനങ്ങളെ നമ്മള്‍ താഴ്ത്തുകയായിരുന്നു ചെയ്തത്. പാര്‍ലമെന്റില്‍ പല കാര്യങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗബ്ബര്‍ സിങ് ടാക്‌സ് മുതല്‍ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കല്‍പ്പോലും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍ക്കുമാകില്ലന്നും അദ്ദേഹം അറിയിച്ചു.

രാജ്യം മടുത്തിരിക്കുകയാണ്. ഇതില്‍നിന്നു പുറത്തേക്കൊരു വഴി തിരയുകയാണവര്‍. കോണ്‍ഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂ. നമ്മുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവനോടെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ നയിക്കണം. അങ്ങനെ പാര്‍ട്ടിയെ മുന്നില്‍കൊണ്ടുവരണം.

നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കുരുക്ഷേത്രയില്‍ വലിയൊരു യുദ്ധം നടന്നു. കൗരവര്‍ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാല്‍ പാണ്ഡവര്‍ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബിജെപിയും ആര്‍എസ്എസും. അധികാരത്തിനുവേണ്ടി പോരാടുകയാണ് അവര്‍. പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്നും സത്യത്തിനുവേണ്ടിയാണ് അവര്‍ പോരാടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top