ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 20 ലക്ഷം കടന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ” കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നിരിക്കുന്നു, മോദി സര്‍ക്കാരിനെ കാണാനില്ല”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നപ്പോഴത്തെ ട്വീറ്റും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 17ന് പങ്കുവെച്ച ട്വീറ്റില്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഓഗസ്റ്റ് 10ന് 20 ലക്ഷം കടക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,27,075 ആയി.
രാജ്യത്ത് ഇതുവരെ 41,585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,07,384 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 13,78,106 പേര്‍ രോഗമുക്തരായി. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നത്.