ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുന്നതിനു വേണ്ടിയാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല എന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോകത്തിലെ ഏറ്റവും നല്ല സമ്പദ്ഘടനകളില്‍ ഒന്നായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് സമ്പദ്ഘടന എങ്ങനെയാണ് മറികടന്നതെന്ന് രാഹുല്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണം കോവിഡ് വ്യാപനമാണ്. എന്നാല്‍ കോവിഡ് ബംഗ്ലാദേശിലും ലോകത്ത് എല്ലായിടത്തുമുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരാനുള്ള പ്രധാന കാരണം നോട്ടുനിരോധനവും ജിഎസ്ടിയുമാണ്.
നാല് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കെതിരെ ആക്രമണം ആരംഭിച്ചു. അദ്ദേഹം കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട വ്യവസായികളെയും ദ്രോഹിച്ചു. സമ്പദ്വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാകുമെന്നു മന്‍മോഹന്‍ സിങ് പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പക്ഷേ അതു നുണയായിരുന്നു. അദ്ദേഹത്തിന് നിങ്ങളുടെ പണം തന്റെ രണ്ട്, മൂന്ന് മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് നല്‍കണമായിരുന്നു. നിങ്ങളാണ് ക്യൂവില്‍ നിന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളല്ല. നിങ്ങളുടെ പണം ബാങ്കിലെത്തിയപ്പോള്‍ മോദിയുടെ സുഹൃത്തുക്കളുടെ 3,50,000 കോടിയുടെ വായ്പ എഴുതിത്തള്ളി.’ – രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ടുനിരോധന ദിവസമായ നവംബര്‍ 8 കോണ്‍ഗ്രസ് ‘വഞ്ചനാ ദിനം’ ആയാണ് ആചരിക്കുന്നത്.