ഇമ്രാന്‍ ഖാനെ കാണാന്‍ ഊഴം കാത്തിരിക്കുന്ന രാഹുലും മമതയും; വീണ്ടും ഫോട്ടോഷോപ്പ് അപാരത

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാന്‍ ഊഴം കാത്തിരിക്കുന്ന മമതയുടെയും രാഹുലിന്റെയും ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

പാക്കിസ്ഥാന്‍ സൈനിക മേധാവിയുമായി ഇമ്രാന്‍ ഖാന്‍ സംസാരിച്ചിരിക്കുന്ന ചിത്രത്തില്‍,മുറിയുടെ മൂലയിലുള്ള കസേരകളില്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു, ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലേയ്ക്ക് മാറിയ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ ഊഴം കാത്തിരിക്കുന്നത് കാണാം. ജനാലയ്ക്കു പുറത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നമസ്‌കരിക്കുന്നതും സൂക്ഷിച്ചു നോക്കിയാല്‍ കാണാം.

എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്നും അത് വ്യാജ ചിത്രമാണെന്നും പറഞ്ഞ് നിരവധിപേര്‍ രംഗത്തെത്തി. യഥാര്‍ഥത്തില്‍ ഏപ്രില്‍ നാലിന് പാക്ക് സൈനിക മേധാവി ജാവേദ് ബജ്‌വയുമായി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യമാണിത്. ഇതിന്റെ യഥാര്‍ഥ ചിത്രം പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. ഈ ചിത്രത്തില്‍ ഇരുവര്‍ക്കും പിന്നില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. ഫോട്ടോഷോപ് ഉപയോഗിച്ച് ഈ കസേരകളില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇരിക്കുന്നതായിഎഡിറ്റ് ചെയ്തു ചേര്‍ത്താണ് വ്യാജ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം കന്നഡയിലുള്ള അടിക്കുറിപ്പുമുണ്ട്. ‘നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ പാക്കിസ്ഥാനാണ് വോട്ട് ചെയ്യുന്നത്. പാക്കിസ്ഥാന്റെ അടിമകള്‍ മുറിയുടെ മൂലയ്ക്കിരിക്കുന്ന ഈ ചിത്രം നോക്കൂ’ എന്നാണ് അടിക്കുറിപ്പ്. സമാനാര്‍ഥത്തില്‍ വിവിധ ഭാഷകളിലുള്ള അടിക്കുറിപ്പോടുകൂടി ഈ ചിത്രം നിരവധി തവണയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ ട്വീറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ചിത്രത്തില്‍ ചിലത് 4,500ല്‍ അധികം തവണഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേതാക്കള്‍ക്ക് മേല്‍ പാക്കിസ്ഥാന്‍ ബന്ധം ചുമത്താനായി കരുതിക്കൂട്ടി നിര്‍മിച്ചതാണ് ചിത്രം എന്ന് ആരോപണം ഉയരുന്നുണ്ട്.

Top