മോദിക്ക് മുന്നില്‍ രണ്ട് ചോദ്യങ്ങളുമായി രാഹുല്‍; ‘രാജ്യം കാത്തിരിക്കുന്നു’

modi-rahul

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കത്വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് മുന്നില്‍ രണ്ട് ചോദ്യങ്ങളാണ് രാഹുല്‍ വെക്കുന്നത്.

ഒന്നാമതായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങളോടുള്ള നിലപാടെന്താണെന്ന് രാഹുല്‍ ചോദിക്കുന്നു. കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്താണ് എന്നതാണ് രണ്ടാം ചോദ്യം.

ട്വിറ്ററില്‍ ചോദ്യങ്ങള്‍ക്കൊടുവില്‍ മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുല്‍ കുറിക്കുന്നു. വിഷയത്തില്‍ മോദിയുടെ നിശ്ശബ്ദത സ്വീകാര്യമല്ല എന്ന് രാഹുല്‍ പറയുന്നു. #speakup എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നേരത്തെ ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനക്കേസിലും മോദി പ്രതികരിച്ചിരുന്നില്ല. ഇതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കത്വ, ഉന്നാവോ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ മോദിയുടെ മൗനമെന്നതാണ് ശ്രദ്ധേയം.

Top