ദില്ലി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് കോലാറിലെത്തും. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള കേസിനെത്തുടർന്നാണ് രാഹുൽ അയോഗ്യനാക്കപ്പെടുന്നത്. എല്ലാ കള്ളൻമാരുടെയും പേര് എന്തുകൊണ്ടാണ് മോദി എന്നാകുന്നത് എന്ന് പ്രസംഗിച്ചതിനെതിരെ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി വിധിക്കുകയായിരുന്നു.
ജയഭാരത് എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ അയോഗ്യതാ നടപടിക്കെതിരെ രാഹുൽ എന്ത് രാഷ്ട്രീയ മറുപടി നൽകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, കോലാറിൽ നിന്ന് പ്രചാരണം തുടങ്ങാനാണ് രാഹുലിന്റെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കം പ്രധാനപ്പെട്ട നിരവധി നേതാക്കൾ കോലാറിൽ രാഹുലിനൊപ്പമുണ്ടാകും.