ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇനി ആരെന്ന ചോദ്യം നേതൃത്വത്തിന് തലയ്ക്കുമുകളില്‍ നില്‍ക്കുകയാണിപ്പോള്‍. എന്നാല്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് രാഹുല്‍ഗാന്ധി മള്‍ട്ടിപ്ലക്സില്‍ സിനിമ കാണുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഭടന്‍മാരുടേയും പാര്‍ട്ടി അണികളുടേയും അകമ്പടിയില്ലാതെ വളരെ ശാന്തനായി പോപ്‌കോണ്‍ കൊറിച്ചുകൊണ്ട് സിനിമ കാണുന്ന രാഹുലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
പിവിആര്‍ ചാണക്യയില്‍ ‘ആര്‍ട്ടിക്കിള്‍ 15’ എന്ന സിനിമ കാണാന്‍ ബുധനാഴ്ച വൈകിട്ടാണ് രാഹുല്‍ എത്തിയത്. ഇടക്ക് തൊട്ടടുത്തിരുന്നയാളോട് കുശലം പറയുന്നതായും ദൃശ്യങ്ങളില്‍ കാണാം. വിഐപി ചട്ടക്കൂടില്ലാതെ മറ്റുള്ളവരോട് പെരുമാറുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 542ല്‍ 52 സീറ്റ് നേടാനെ കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും സ്വന്തം തട്ടകമായ അമേഠിയിലെ തോല്‍വിയും നാണക്കേടായി.