കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പര്യടനം തുടങ്ങും. ഇന്നലെ വൈകിട്ട് ജില്ലാ അതിര്‍ത്തിയായ അരൂരില്‍ അവസാനിച്ച യാത്ര രാവിലെ കുമ്പളം ടോള്‍ ജംങ്ഷനില്‍ നിന്നാകും തുടങ്ങുക. 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പരിസരത്ത് ഇന്നത്തെ യാത്ര അവസാനിപ്പിക്കും. രാവിലെ കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് തുടങ്ങുന്ന യാത്ര ബൈപ്പാസിലൂടെ സഞ്ചരിച്ച് പത്തരയോടെ ഇടപ്പളളി പളളി മുറ്റത്ത് രാഹുലിന്റെ യാത്ര എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടക്കമുളള വിവിധ വിഭാഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും
വൈകിട്ട് നാലിന് ഇടപ്പളളി ടോളില്‍ നിന്ന് ആലുവയിലേക്ക് പദയാത്ര തുടരും. രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനില്‍ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. തുടര്‍ന്ന് ആലുവ യുസി കോളജിലാണ് രാഹുലിന്റെയും കൂട്ടരുടെയും താമസം. ജില്ലയിലെ പരമാവധി പ്രവര്‍ത്തകരെ ഈ സമയം ജാഥയില്‍ അണിനിരത്താനാണ് ഡി സി സി നേതൃത്വം തീരുമാനിച്ചത്. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുല്‍ ഗാന്ധി സംസാരിക്കും. ഉച്ചയ്ക്ക് കളമശ്ശേരിയിലെ ഞാലകം സെന്ററിലാണ് രാഹുല്‍ ഗാന്ധി വിവിധ മേഖലയിലെ ആള്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ട്രാന്‍സ്ജന്‍ഡറുകള്‍, ഐ ടി പ്രൊഫഷണലുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായാണ് കൂടിക്കാഴ്ച.