പി.ടിയെ യാത്രയാക്കാന്‍ രാഹുല്‍ ഗാന്ധി എത്തി; കുടുംബത്തെ നെഞ്ചോട് ചേര്‍ത്ത് പ്രിയ നേതാവ്

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളം ടൗണ്‍ഹാളിലെത്തി രാഹുല്‍ ഗാന്ധി. പി.ടി. തോമസിന്റെ ഭാര്യ ഉമയോടും മക്കളായ വിഷ്ണുവിനോടും വിവേകിനോടും ഏറെ നേരം സംസാരിച്ചു.

ഭാര്യ ഉമയേയും മകനെയും നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് രാഹുല്‍ അന്ത്യഞ്ജലി അര്‍പ്പിച്ച് മടങ്ങിയത്. ആയിരക്കണക്കിന് അണികളാണ് ടൗണ്‍ഹാള്‍ പരിസരത്ത് പ്രിയനേതാവിന് വിടനല്‍കാന്‍ എത്തിച്ചേര്‍ന്നത്.

മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ ഒരു മാസം മുന്‍പ് പി.ടി. തോമസ് അറിയിച്ച് രേഖപ്പെടുത്തിവച്ചിരുന്നു. കണ്ണുകള്‍ ദാനം ചെയ്യണം, മൃതദേഹം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, ചിതാഭസ്മം ഉപ്പുതോടില്‍ അമ്മയുടെ കുഴിമാടത്തില്‍ ഇടണം, മൃതദേഹത്തില്‍ പൂക്കളോ, പുഷ്പചക്രമോ പാടില്ല, അന്ത്യോപചാര സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന പാട്ട് മൃദുവായ ശബ്ദത്തില്‍ കേള്‍പ്പിക്കണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

ആത്മസുഹൃത്തും കെഎസ്സി മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡിജോ കാപ്പനെ ഫോണില്‍ വിളിച്ചു കഴിഞ്ഞ മാസം 22നാണ് പി.ടി.തോമസ് അന്ത്യാഭിലാഷം രേഖപ്പെടുത്തിയത്. ‘പേടി കൊണ്ടൊന്നുമല്ല, നമ്മള്‍ എന്നാണെങ്കിലും പോകേണ്ടവരല്ലേ, ആരെങ്കിലും നമ്മുടെ ആഗ്രഹങ്ങള്‍ അറിയേണ്ടേ…’ എന്നു പറഞ്ഞ് 5 ആഗ്രഹങ്ങളും അറിയിച്ചു. എഴുതിയത് വായിച്ചു കേള്‍പ്പിക്കാനും പറഞ്ഞു. ഡിജോ അപ്രകാരം ചെയ്തു. തല്‍ക്കാലം ആരോടും പറയേണ്ടെന്നും മരണ ശേഷം ഉമയെ അറിയിച്ചാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം.

Top