ഇത് നമ്മുടെ സമയം;യുവജനങ്ങളെ രാജ്ഘട്ടിലേയ്ക്ക് വിളിച്ച് രാഹുല്‍ഗാന്ധി

ഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവധഭാഗങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്തിരിക്കുകയണ് രാഹുല്‍ ഗാന്ധി.

പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, യുവജനങ്ങളെ,ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുകാണിക്കേണ്ടതും അനിവാര്യമാണ്.-രാഹുല്‍ ട്വീറ്റ് ചെയ്തു.

 

രാജ്ഘട്ടില്‍ ഉച്ചക്ക് മൂന്നു മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

ഞായറാഴ്ച പ്രഖ്യാപിച്ച പരിപാടി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൗരത്വനിയമഭേദതിക്കെതിരെ രാജ്യമാട്ടാകെ പ്രതിഷേധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എവിടെയെന്ന് ചോദ്യമുയര്‍ന്നിരുന്നു. മുന്‍കൂട്ടിനിശ്ചയിച്ചതുപ്രകാരം വിദേശസന്ദര്‍ശനത്തിലായിരുന്നു രാഹുല്‍. വിമര്‍ശനങ്ങള്‍ക്കുള്ള കോണ്‍ഗ്രസ് മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന മഹാപ്രതിഷേധ ധര്‍ണ.

 

Top