ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ഡിസംബറില്‍ നടക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനു സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണു കൂടിക്കാഴ്ചയെന്നാണ് വിവരം.
കോണ്‍ഗ്രസിന്റെയും ടിഡിപിയുടെയും സംസ്ഥാന നേതാക്കള്‍ ഇതു സംബന്ധിച്ചു കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സീറ്റ് വിഭജനത്തിലാണ് ഇനി ധാരണയാകാനുള്ളത്. തെലങ്കാനയിലും സമാനകൂട്ടുകെട്ടിനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സിപിഐയും മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ സീറ്റ് വിഭജനമാണ് ഇവിടെ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി.
കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അടുത്തിടെ എന്‍ഡിഎ മുന്നണിയില്‍ നിന്നു പുറത്തുപോയ ചന്ദ്രബാബു നായിഡുവാണ് ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.