തിരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെ ; ശ്രീധന്യയെ അഭിനന്ദിച്ച്‌ രാഹുല്‍

കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് എഐസിസി അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ അഭിനന്ദനം അറിയിച്ചത്.

കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യക്ക് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമായതെന്ന് അദ്ദേഹം കുറിച്ചു. ശ്രീധന്യയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു. തിരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആ​ഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ ഒരു മലയാളി പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

Top