ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് പുതിയ ആശയം ഒരുക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കളുടെ പ്രവര്‍ത്തനം എല്ലാം മാസവും അവലോകനം ചെയ്യുന്നതോടൊപ്പം തന്റെ പ്രവര്‍ത്തനവും വിലയിരുത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ജനറല്‍ സെക്രട്ടറി, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍, പാര്‍ട്ടി സെക്രട്ടറിമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളായിരിക്കും പ്രധാനമായും വിലയിരുത്തുക. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്ലാ മാസവും പത്താം തിയതിക്ക് മുമ്പായി സ്വയം വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
സ്വയം വിലയിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടിനാണ് നല്‍കേണ്ടത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം വിലയിരുത്തിയതിന് ശേഷം 15ാം തീയതിയോടെ പാര്‍ട്ടി അധ്യക്ഷന് കൈമാറും.