ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സ് ഇനി നാലംഗ സംഘത്തിന്റെ കൈകളില്‍ !
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണി, പി.സി.ചാക്കോ, കെ.സി വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസ്സ് പരമാധികാര സമിതിയായ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വന്‍ തിരിച്ചടിയാണ് ഈ നിയമനങ്ങള്‍. മുന്‍പ് വിശാല ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നെങ്കിലും ഇപ്പോള്‍ വി.എം സുധീരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് പുതുമുഖ താരം കെ.സി.വേണുഗോപാല്‍.
കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ രാഹുലിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ ചുമതലയുള്ള പി.സി ചാക്കോയെ സ്ഥിരം ക്ഷണിതാവാക്കിയത് കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക് വന്‍ തിരിച്ചടി കൂടിയാണ്.
സോളാര്‍ ‘നായിക’ സരിതയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കി ഹൈക്കമാന്റ് അടുത്തയിടെ ഉയര്‍ത്തി കൊണ്ടു വന്നിരുന്നു.
കോണ്‍ഗ്രസ്സ് വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെ തിരിച്ച് കോണ്‍ഗ്രസ്സില്‍ എത്തിച്ചാണ് ആന്ധ്ര ദൗത്യം ഉമ്മന്‍ ചാണ്ടി തുടങ്ങിയത്. ഈ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് പ്രവര്‍ത്തക സമിതി അംഗത്വം.
എ.കെ. ആന്റണിക്കൊപ്പം ഇവര്‍ മൂന്നു പേരും കൂടി വരുന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഗണനയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന് ഹൈക്കമാന്റ് നല്‍കിയത്.
23 പേരാണ് പുതിയ പ്രവര്‍ത്തക സമിതിയിലുള്ളത്. 18 പേരാണ് സ്ഥിരം ക്ഷണിതാക്കള്‍ 10 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അടുത്ത മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അപ്രതീക്ഷിതമായ പ്രഹരമാണ് ഹൈക്കമാന്റ് പ്രഖ്യാപനം. ഇനിയും അടുത്ത ഊഴവും ഉമ്മന്‍ ചാണ്ടിക്ക് തന്നെ ലഭിക്കുമെന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിന് അപ്പുറം കര്‍ണ്ണാടകയിലും ഡല്‍ഹിയിലും ചുമതലയുള്ള കെ.സി.വേണുഗോപാലും പി.സി ചാക്കോയും ഐ ഗ്രൂപ്പിലെ ഉന്നതരുടെ ഉറക്കം കെടുത്തിയിരിക്കുകയാണിപ്പോള്‍.