ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ആഗോള പട്ടിണി സൂചിക വന്നതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ എത്തിയത്. 2020ലെ ആഗോള പട്ടിണി സൂചികയില്‍ 94ാം സ്ഥാനത്തുള്ള ഇന്ത്യ ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളില്‍ സുഡാനൊപ്പം ആണ് സ്ഥാനം പങ്കിട്ടത്. മോദി സര്‍ക്കാര്‍ പ്രിയ സുഹൃത്തുകളുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. വികസനത്തിന്റെ വേഗം വര്‍ധിക്കുമ്പോഴും പട്ടിണിയുടെ ദൈന്യത രാജ്യത്ത് കുറയുന്നില്ല എന്നത് വ്യക്തമാക്കുകയാണ് ഈ വര്‍ഷത്തേയും ആഗോള പട്ടിണി സൂചിക. 2020ലെ ഇന്ത്യയുടെ സ്‌കോര്‍ 27.2 ആണ്. പട്ടിണിയുടെ തോത് ഇന്ത്യയില്‍ ഏറെ ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലവാരം. നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലായാണ് പട്ടിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം. റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയിലെ പോഷകാഹാരക്കുറവ് നേരിടുന്നു. കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പ് രാജ്യത്ത് 37.4 ശതമാനമാണ് എന്നതാണ് സ്ഥിതി വിവരം ചൂണ്ടിക്കാട്ടുന്നത്.