പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പരിസ്ഥിതിക ആഘാത പഠന (ഇഐഎ) കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാരിസ്ഥിതിക നാശത്തിനും ചൂഷണത്തിനും ഇടയാക്കുമെന്നതിനാല്‍ ഇഐഎ 2020 കരട് പിന്‍വലിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുല്‍ ട്വിറ്ററിറില്‍ കുറിച്ചു. നേരത്തെയും കരട് ഇ.ഐ.എ. വിജ്ഞാപനത്തെ ഗാന്ധി വിമര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം ഞായറാഴ്ച അഭിപ്രായപ്പെട്ടത്.

ഉയര്‍ന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളായ കല്‍ക്കരി ഖനനം, മറ്റ് ധാതു ഖനനം എന്നിവയ്ക്ക് ഇനിമേല്‍ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ആവശ്യമില്ല. ഇടതൂര്‍ന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകള്‍ക്കോ റെയില്‍വേ ലൈനുകള്‍ക്കോ വേണ്ടി വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും- കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top