ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനോടകം കേസുമായി ബന്ധപ്പെട്ട് രാഹുലിനെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ രാഹുലിൻറെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമായേക്കും. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിൻറെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിനാസ്പദമായ പരാതി.