രാഹുല്‍ ഗാന്ധി ഒടുവില്‍ ഹെലികോപ്ടര്‍ മാര്‍ഗം ചുരാചന്ദ്പ്പൂരില്‍ എത്തി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്, ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതര്‍ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

 

നേരത്തെ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടയുകയും, കലാപബാധിതമേഖലകളിലേക്ക് റോഡ് മാര്‍ഗം പോകുന്നതിനുളള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും എതിരായി മറുവിഭാഗവും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതും സ്ഥിതി ശാന്തമാക്കി. തുടര്‍ന്ന് ഇംഫാലിലേക്ക് മടങ്ങിയ രാഹുലും സംഘവും ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഗ്രനേഡ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്താണ് രാഹുലിനെ തടഞ്ഞതെന്നുമാണ് ബിഷ്ണുപൂര്‍ എസ് പി ഹെയ്‌സ്‌നാം ബല്‍റാം വിശദീകരിക്കുന്നത്. രാഹുല്‍ പോകുന്ന വഴിയില്‍ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും രാഹുലിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് തടഞ്ഞതെന്നും എസ് പി അറിയിച്ചു.

 

 

 

Top