കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം.
ലീഗിന്റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തില്‍ എത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഒരു പവന്റെ വാഗ്ദാനം നല്‍കിയത്. ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതായിരുന്നു. ഇതിന് പുറമെയാണ് രമേശ് ചെന്നിത്തലയുടെ ഒരു പവന്‍ പ്രഖ്യാപനം. കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി കെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും പ്രഖ്യാപിച്ചിരുന്നു.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നാല് മണ്ഡലങ്ങളില്‍നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.