കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ ഗാന്ധി

ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ ഗ്രാമത്തില്‍ കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ ഗാന്ധി. വിളവെടുക്കാനാണ് രാഹുല്‍ വയലില്‍ ഇറങ്ങിയത്. ഞായറാഴ്ചയാണ് രാഹുല്‍ റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കര്‍ഷകരെ നെല്ല് വിളവെടുക്കാന്‍ സഹായിച്ചത്.

ഛത്തീസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ച് രാഹുല്‍ സംസാരിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കര്‍ഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്ന് രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സമൂഹ മാധ്യമമായ എക്‌സില്‍ കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചതിങ്ങനെ

”കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ച് പദ്ധതികള്‍, അവരെ ഇന്ത്യയില്‍ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കര്‍ഷകര്‍ക്ക് 23,000 കോടി രൂപയുടെ സബ്സിഡി. 19 ലക്ഷം കര്‍ഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ബില്‍ പകുതിയാക്കി. 5 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 7,000 രൂപ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങള്‍ ആവര്‍ത്തിക്കാന്‍ പോകുന്ന മാതൃകയാണിത്”.

 

Top