ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി മുത്തശ്ശിയെ കാണാന്‍ പോയതില്‍ എന്താണ് തെറ്റെന്ന ചോദ്യവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ പോയതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പരിഹാസ വിമര്‍ശനം.
‘രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ മുത്തശ്ശിയെ കാണാന്‍ പോയതാണ്, അതിലെന്താണ് തെറ്റ്? എല്ലാവര്‍ക്കും വ്യക്തിപരമായ യാത്രകളും സന്ദര്‍ശനങ്ങളും നടത്താനുമുള്ള അവകാശമുണ്ട്. ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുകയാണ്’ കെ.സി വേണുഗോപാല്‍ എ.എന്‍.ഐയോട് പറഞ്ഞു.
ഞായറാഴ്ചയാണ് രാഹുല്‍ഗാന്ധി വ്യക്തിപരമായ ആവശ്യത്തിനായി ഇറ്റലിയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനസ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു ദിവത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് മാത്രം പാര്‍ട്ടി വക്താവായ രണ്‍ദീപ് സുര്‍ജേവാല അറിയിച്ചിരുന്നു.
കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ജെ.പി നദ്ദയും രംഗത്തെത്തിയിരുന്നു.
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ ഉപഭോക്താക്കളുമായി നേരിട്ട് വില്‍പ്പന നടത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് 2015ല്‍ ലോക്സഭയില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജെ.പി നദ്ദയുടെ പരിഹാസ ട്വീറ്റുണ്ടായിരുന്നത്.
‘ഇതെന്തൊരു മായാജാലമാണ് രാഹുല്‍ജീ, മുന്‍പ് നിങ്ങള്‍ അനുകൂലിച്ചു ഇപ്പോള്‍ നിങ്ങള്‍ വിയോജിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല’ ജെ.പി നദ്ദ ട്വീറ്റ് ചെയ്തിരുന്നു.