ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ്സിന് പലതും ഭയക്കാനുണ്ടെന്ന പ്രചരണത്തിന് ബലമേകി മോദി-രാഹുല്‍ കൂടിക്കാഴ്ച.
നോട്ട് അസാധുവാക്കല്‍, കര്‍ഷകര്‍ നേരിടുന്ന ദുരിതം തുടങ്ങിയവ ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ സമരത്തിന് നേതൃത്വം നല്‍കി വരുന്ന കോണ്‍ഗ്രസ്സ് ഒറ്റയടിക്ക് ‘മലക്കം മറിഞ്ഞത് ‘ രാഷ്ട്രീയകേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ നാടകീയമായി പിന്മാറി. ഇടത് പാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ഡി.എം.കെ എന്നിവയാണ് അവസാന നിമിഷം പ്രതിഷേധമാര്‍ച്ചില്‍നിന്ന് പിന്മാറിയത്.
മറ്റ് പാര്‍ട്ടികളോട് ആലോചിക്കാതെ പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതിലാണ് പ്രതിപക്ഷത്തെ മറ്റുപാര്‍ട്ടി നേതാക്കളെ രോഷാകുലരാക്കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ ഒരുമിച്ചുനിന്ന പ്രതിപക്ഷം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും ഒരുമിച്ച് വേണമായിരുന്നുവെന്ന് കോണ്‍ഗ്രസ്സിന്റെ ഘടകകക്ഷിയായ എന്‍.സി.പിയുടെ നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഒരുപ്രമുഖ രാഷ്ട്രീയ കുടുംബം കോഴ വാങ്ങിയതായി ഇടനിലക്കാരന്‍ ഡയറിയിലെഴുതിയ കുറിപ്പ് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ഇത് സംബന്ധമായി സിബിഐ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, വര്‍ക്കിംങ് കമ്മറ്റിയംഗം അഹമ്മദ് പട്ടേല്‍ എന്നിവരെ ചോദ്യം ചെയ്യാനിരിക്കുകയാണ്.
ഈ കേസില്‍ നേരത്തെ മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.