ലഖ്‌നൗ: രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി).
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തരുടെ യോഗത്തിലായിരുന്നു ബിഎസ്പി അഭിപ്രായം അറിയിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തി.
മായാവതിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള സമയം അതിക്രമിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഏക നേതാവ് മായാവതിയാണെന്നും ബിഎസ്പി ദേശീയ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ വിര്‍ സിങ് അഭിപ്രായപ്പെട്ടു.
എച്ച്.ഡി. കുമാരസ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവാണ് താനെന്ന് മായവതി തെളിയിച്ചെന്നും തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ പ്രാപ്തിയുള്ള നേതാവ് അവര്‍ തന്നെയാണെന്നും ദേശീയ കോഓര്‍ഡിനേറ്ററായ ജയ് പ്രകാശ് സിങ് അവകാശപ്പെട്ടു. എന്നാല്‍, ഈ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ്സ് ഇത് വരെയും പ്രതികരിച്ചിട്ടില്ല.