ശക്തനായ നേതാവില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ കളിയാക്കിയവര്‍ക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയെ രാഹുല്‍ വെല്ലുവിളിയ്ക്കുന്നത് ആദ്യമായിട്ടല്ല. എന്നാല്‍, കര്‍ഷകരുടെ പേരില്‍ നടത്തുന്ന പോരാട്ടം ചെറുതായിട്ടല്ല മോദിയെ ആശ്ചര്യപ്പെടുത്തുക. കാരണം, കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒന്നു വിറപ്പിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മോദിയെ കിടത്തിയുറക്കില്ലെന്ന അതിശക്തമായ പ്രഖ്യാപനം ഇരുത്തം വന്ന ഒരു നേതാവിന്റേതാണ്.
മധ്യപ്രദേശില്‍ കമല്‍നാഥ് അധികാരത്തിലേറിയ ഉടനെ രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നതിലുപരി വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നല്‍കുന്നത്. കലപ്പ കൊണ്ട് അധികാരത്തിലേയ്ക്ക് വഴി തെളിയ്ക്കുന്ന രാഹുല്‍ വലിയ പ്രത്യാശയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും കണ്ട നിശബ്ദമായ പ്രതിഷേധങ്ങള്‍ക്ക് ഇത്രത്തോളം പ്രഹര ശേഷി ഉണ്ടെന്നത് തിരച്ചറിയാന്‍ വൈകിപ്പോയി എന്നതാണ് സത്യം.
കര്‍ഷക പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ തന്നെയാണ് വീണ്ടും ഹിന്ദുത്വപ്രീണനത്തില്‍ ബിജെപി കടിച്ചു തൂങ്ങുന്നത്. ഹിന്ദുത്വ വികാരത്തിനൊക്കെ പഴയ പവ്വറുണ്ടോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയ്ക്ക് മുസ്ലീം ഇമേജ് പ്രചരിപ്പിക്കാം എന്ന തന്ത്രം ബിജെപി പയറ്റുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് കൈലാസ യാത്ര നടത്തിയും വിവിധ അമ്പലങ്ങള്‍ സന്ദര്‍ശിച്ചും പ്രചരണ റാലികളില്‍ ശിവലിംഗ പൂജ ചെയ്യുന്ന ഫോട്ടോകള്‍ വച്ചും രാഹുല്‍ നടത്തിയ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നു വേണം വിലയിരുത്താന്‍. അതിനാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഒരു മുസ്ലീം ഇമേജ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം നടത്തി ആകെ നാണം കെട്ടിരിക്കുകയാണ് ബിജെപി.
വ്യാജ വാര്‍ത്തകള്‍. . അതാണ് ബിജെപിയുടെ പ്രധാന ആയുധം. സോഷ്യല്‍ മീഡിയകളിലൂടെ ഫോട്ടോ ഷോപ്പിന്റെ സഹായത്തോടെയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളെ പറ്റിക്കുന്ന രീതി ഇപ്പോള്‍ ഒരു പാര്‍ട്ടി കീഴ് വഴക്കമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ലേറ്റസ്റ്റ് ന്യൂസ്. ഇതിന് തെളിവായി ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
വൃദ്ധനായ മുസ്ലീം പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത് ഭക്തിപൂര്‍വ്വം നില്‍ക്കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ട്.
മോദിമാമ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം എഴുപതിനായിരത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നാല്‍പ്പതിനായിരത്തില്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍, 2016 സെപ്തംബര്‍ പത്താം തീയതി ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ കോളനിയില്‍ കിച്ചൗച്ച ഷരീഫ് ദര്‍ഗയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളാണിത്. അന്നത്തെ അയോധ്യാ സന്ദര്‍ശനത്തിനിടെ ഹനുമാന്‍ഗര്‍ഗ് അമ്പലവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
അതുപോലെ മറ്റൊരു വ്യാജ പ്രചരണമാണ് തീര്‍ത്തും അടിപതറിയ രാജസ്ഥാനില്‍ ബിജെപി നടത്തുന്നത്. സച്ചിന്‍ പൈലറ്റ് മോദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നത് കണ്ടോ എന്ന അടിക്കുറുപ്പോടെയുള്ള ഒരു ചിത്രമാണിത്. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 2018 ഒക്ടോബര്‍ 11 ന് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജീത്ത് താമ്പേ ആയിരുന്നു ഈ കരി ഓയില്‍ പ്രയോഗത്തിന് പിന്നില്‍. സംഭവം വിവാദമായതോടെ അദ്ദേഹം വിശദീകരണവും നല്‍കിയിരുന്നു.
പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വെള്ളം കുടിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അണിയറയില്‍ തിരക്കിട്ട ആലോചനകള്‍ നടക്കുന്നതിനിടെയാണ് അല്‍പം നുണ പറഞ്ഞ് കുറച്ച് വോട്ട് പിടിയ്ക്കാം എന്ന് ബിജെപി കണക്കു കൂട്ടുന്നത്. എന്തായാലും ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി കരുതിയിരിക്കുകയാണ് കോണ്‍ഗ്രസ്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി