അടുത്ത പത്ത് വര്‍ഷം കൊണ്ട് രാജ്യത്ത് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി എംപി

കൊച്ചി: എല്ലായിടത്തും വനിതകളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നും അടുത്ത പത്ത് വര്‍ഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണമെന്നും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇപ്പോഴും സ്ത്രീകള്‍ പലയിടത്തും വിവേചനം നേരിടുകയാണ്. സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രയത്‌നം ഉണ്ടാകണം. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മെച്ചപ്പെട്ടവര്‍ ആണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിവുള്ള വനിതകള്‍ ഭരണ സംവിധാനങ്ങളിലേക്ക് എത്തണം. എന്നാല്‍ ആര്‍എസ്എസിന്റെ അഭിപ്രായം അങ്ങനെയല്ല. അതു പൂര്‍ണമായും പുരുഷ കേന്ദ്രീകൃതമാണെന്ന് പറയേണ്ടി വരും. സ്ത്രീ എന്ത് ധരിക്കണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമുണ്ട്. സ്ത്രീകളെ അധികാരത്തിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി നിര്‍മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം നടത്താനിരുന്ന പിഎംജിഎസ് വൈ റോഡുകളാണ് അന്‍വര്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങിയതെന്നായിരുന്നു പി വി അന്‍വര്‍ എം എല്‍ എ യുടെ വിമര്‍ശനം. എം എല്‍ എയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Top