വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് കരുത്താകുന്നത് മുസ്‌ലിം ലീഗിന്റെ ഉറച്ച പിന്തുണ. ലീഗിനെ ചത്തകുതിരയെന്ന് ആക്ഷേപിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടി രാഹുല്‍ഗാന്ധിക്ക് പാര്‍ലമെന്റിലേക്ക് ലീഗിന്റെ പിന്തുണയാണ് നിര്‍ണായകം. നെഹ്‌റു ചത്ത കുതിരയെന്ന് ലീഗിനെ ആക്ഷേപിച്ചപ്പോള്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നാണ് സി.എച്ച് മുഹമ്മദ്‌കോയ തിരുത്തിയത്. വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ ലീഗ്‌വോട്ടുകളായിരിക്കും നിര്‍ണായകമാവുക.
വയനാട് മണ്ഡലം രൂപംകൊണ്ട് 2009 മുതല്‍ മുസ്‌ലീം സമുദായാംഗത്തെ മാത്രമാണ് വിജയിപ്പിച്ചത്. മൂന്നാം മണ്ഡലമായി ലീഗ് ആവശ്യപ്പെടുന്ന വയനാട്ടില്‍ അവസാന നിമിഷം കോണ്‍ഗ്രസിന് വിട്ടു നല്‍കുകയാണ് പതിവ്. കോണ്‍ഗ്രസാവട്ടെ ജാതി, മത സമവാക്യം പരിഗണിച്ച് എം.ഐ ഷാനവാസിനാണ് സീറ്റ് നല്‍കിയിരുന്നത്. ഷാനവാസിന്റെ നിര്യാണത്തോടെയാണ് പകരക്കാരനായി രാഹുല്‍ എത്തുന്നത്.
മോഡിക്കെതിരെ പൊരുതുന്ന രാഹുലിന്റെ മതേതര പ്രതിഛായയാണ് വയനാട്ടില്‍ ലീഗിനും മുസ്‌ലീം സംഘടനകള്‍ക്കും രാഹുലിനെ പ്രിയങ്കരനാക്കുന്നത്. എ.പി സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും, ഇ.കെ സുന്നിവിഭാഗവും മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമിയും വയനാട്ടില്‍ രാഹുലിന് തന്നെയാണ് പിന്തുണ നല്‍കുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. നാലിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്.
മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളാണ് ഇടതുപക്ഷം പിടിച്ചത്. സുല്‍ത്താന്‍ബത്തേരി, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങള്‍ യു.ഡി.എഫിനെയും തുണച്ചു.
മാനന്തവാടിയില്‍ കോണ്‍ഗ്രസിലെ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കും, 35 വര്‍ഷം കോണ്‍ഗ്രസ് കുത്തകയാക്കിയിരുന്ന ആര്യാടന്റെ തട്ടകമായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനും അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്.
വയനാട് ലോക്‌സഭാമണ്ഡലത്തില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളായ ഏറനാട്ടിലും നിലമ്പൂരിലും വണ്ടൂരിലും മുസ്‌ലിം ലീഗ് ശക്തമായ സാന്നിധ്യമാണ്. യു.ഡി.എഫില്‍ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗിന്റെ ശക്തമായ പിന്തുണയാണ് വയനാട് ലോക്‌സഭാമണ്ഡലത്തെ കോണ്‍ഗ്രസിന്റെ കോട്ടയാക്കി നിലനിര്‍ത്തുന്നത്.
അഞ്ചു തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടശേഷമാണ് അന്യനാട്ടുകാരനായ എം.ഐ ഷാനവാസിനെ 2009തില്‍ 1,53,439 വോട്ടിന്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വയനാട് വിജയിപ്പിച്ചത്. അന്ന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ടുമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഷാനവാസിന് മികച്ച ഭൂരിപക്ഷം ലഭിച്ചത് ലീഗിന്റെ അടിയുറച്ച പിന്തുണ മൂലമായിരുന്നു.
2014 തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞിരുന്നു. മണ്ഡലത്തിലെ അസാന്നിധ്യമടക്കമുള്ളവയാണ് വോട്ടുചോര്‍ച്ചക്കിടയാക്കിയത്. ആ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റായി വയനാട് വേണമെന്ന് ലീഗ് നിലപാടെടുക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ടതോടെയാണ് വയനാട് ആവശ്യത്തില്‍ നിന്നും ലീഗ് പിന്‍മാറിയത്. ഇത്തവണ രാഹുലിന് വേണ്ടി കോണ്‍ഗ്രസുകാരേക്കാള്‍ ആവേശത്തോടെയാണ് ലീഗിന്റെ പ്രവര്‍ത്തനം.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് പൊന്നാനിയിലും മലപ്പുറത്തും ലീഗിന്റെ ഭൂരിപക്ഷം ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് ലീഗ് നേതൃത്വത്തിനുള്ളത്. വയനാട്ടില്‍ എം.ഐ ഷാനവാസിന്റെ 2009തിലെ 1.53 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഉയര്‍ത്താന്‍ ലീഗിന്റെ കലവറയില്ലാത്ത പിന്തുണ കോണ്‍ഗ്രസിന് കൂടിയേ തീരൂ.