ബീഹാര്‍: നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ബീഹാറിലെ ജന്ധര്‍ മന്ദിറില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. മുസാഫര്‍പൂരിലെ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 34 പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിനെതിരെയായിരുന്നു പ്രതിഷേധം.
എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്, സി.പി.എം നേതാവ് സീതാറാം യച്ചൂരി, ജെ.ഡി.യു വിമതന്‍ ശരത് യാദവ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതോടെ, ഏത് വിധേനയും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.
കേസില്‍ ആരോപണവിധേയരായ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കന്നുവെന്നാരോപിച്ച് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബീഹാര്‍ ഭവനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു.
ബീഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മുപ്പത്തിനാല് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും ധാരണയുണ്ട്. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, റഫേല്‍ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പുകള്‍, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് മുഖ്യ പ്രതിപക്ഷ ആയുധങ്ങള്‍.