‘മോദിലൈ ‘എന്ന പുതിയ വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല ; രാഹുലിനെ തള്ളി ഓക്സ്ഫോര്‍ഡ്

ന്യൂഡല്‍ഹി: ‘മോദിലൈ’ എന്ന വാക്ക് തങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി അധികൃതര്‍. ഇതുവരെ അങ്ങനെയൊരു വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഓക്‌സ്‌ഫോര്‍ഡ് ഔദ്യോഗികമായി വിശദീകരണം നല്‍കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ‘മോദിലൈ’ എന്ന വാക്കുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് മോദി തുടര്‍ച്ചയായി നുണ പറയുന്നു എന്ന അര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധി മോദിലൈ എന്ന വാക്കുപയോഗിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമായതോടെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയാക്കി മറ്റൊരു ട്വീറ്റ് ഇടുകയായിരുന്നു.

സത്യത്തെ രൂപം മാറ്റുന്നു, വിശ്രമമില്ലാതെ നുണ പറയുക, നിത്യേനെ ഇടവിടാതെ നുണപറയുക തുടങ്ങിയ അര്‍ത്ഥങ്ങളിലാണ് രാഹുലിന്റെ ട്വീറ്റിലെ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരുന്നത്.

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഒഫീഷ്യല്‍ പേജില്‍ മോദിലൈ എന്ന വാക്ക് തിരയുമ്പോള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി അനുകൂലികള്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ ഇടപെട്ട് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റിയത്.

Top