തൃശൂർ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി ടി എൻ പ്രതാപൻ എംപി. രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തും ജീവനക്കാരെ കൈയ്യേറ്റം ചെയ്തും ഫയലുകൾ അലങ്കോലമാക്കിയും എസ്എഫ്ഐ ഗുണ്ടകൾ എന്ത് വിപ്ലവമാണ് സാധ്യമാക്കിയതെന്ന് ടി എൻ പ്രതാപൻ ചോദിച്ചു. ബിജെപിയും ആർഎസ്എസും രാജ്യത്ത് ഇന്നേറ്റവും കൂടുതൽ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.
ഇഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അപ്പോഴും സംഘ പരിവാറിനോട് തെല്ലും രാജിയാവില്ലെന്ന് ഉറച്ചുപറയുകയാണ് രാഹുൽ ചെയ്യുന്നത്. അങ്ങനെയൊരു നേതാവിനെയാണ് സിപിഎം അവഹേളിക്കുന്നത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർക്കാൻ എസ്എഫ്ഐ ഗുണ്ടകളെ പറഞ്ഞയച്ച മൂത്ത കമ്യുണിസ്റ്റുകൾക്ക് സംഘ പരിവാറുകാരെ നാഴികയ്ക്ക് നാൽപ്പതുവട്ടം സുഖിപ്പിച്ചോളാമെന്ന കരാർ പാലിക്കാനുണ്ടാവും. ആക്രമണം നടത്തിയവരെ വിവരംകെട്ട വർഗ്ഗം എന്നും ടി എൻ പ്രതാപൻ വിശേഷിപ്പിച്ചു.