മതഭ്രാന്തിനാല്‍ അന്ധരായവരോട് കാര്യങ്ങള്‍ വിശദീകരിക്കാനാവില്ല; അഭിജിത്തിനോട് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന അഭിജിത് ബാനര്‍ജിയുടെ പരാമര്‍ശത്തോട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മതഭ്രാന്തന്മാര്‍ വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയും ഇവര്‍ക്കില്ല. പത്തുകൊല്ലം ശ്രമിച്ചാലും നിങ്ങള്‍ക്ക് അക്കാര്യം അവരോട് വിശദീകരിക്കാനുമാകില്ലെന്നും രാഹുല്‍ പറഞ്ഞു.ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘പ്രിയപ്പെട്ട മിസ്റ്റര്‍ ബാനര്‍ജി, ഈ മതഭ്രാന്തന്മാര്‍ വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയും ഇവര്‍ക്കില്ല. പത്തുകൊല്ലം ശ്രമിച്ചാലും നിങ്ങള്‍ക്ക് അക്കാര്യം അവരോട് വിശദീകരിക്കാനുമാകില്ല. തീര്‍ച്ചയായും ഉറപ്പിച്ചോളൂ, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളുന്നുണ്ടെന്ന്’- രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.


ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ‘ന്യായ് പദ്ധതി’ ഇന്ത്യക്കാര്‍ തള്ളിയതാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന് പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നുമായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. ഭാര്യ എസ്താര്‍ ഡഫ്‌ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.

Top