ന്യൂഡല്‍ഹി: സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സാം പിത്രോദ പരിധി ലംഘിച്ചു. പരാമർശത്തിൽ പിത്രോദ മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവസ്യപ്പെട്ടു. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും രാഹുല്‍ കൂട്ടിചേർത്തു.
സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദയുടെ വിവാദ പരാമശത്തിൽ വിശദീകരണവുമായി കോൺഗ്രസ്
രംഗത്തെത്തിയിരുന്നു. സാം പിത്രോദയുടേത് പാർട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി . പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ നേതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
1984 ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വാക്കുകളെ രാഷ്ടീയ ആയുധമാക്കി ബിജെപി പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാൽ തന്റെ വാക്കുകളെ ബിജെപി വളച്ചൊടിക്കുകയാണെന്നാണ് സാം പിത്രോദയുടെ വിശദീകരണം