‘മറ്റുള്ളവര്‍ പോകുന്നു, തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നു’; രാഹുല്‍ ഗാന്ധി

ഗുവാഹാട്ടി: എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നിടത്തേക്ക് തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസമിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. നഗാവിലെ ക്ഷേത്രത്തിന് സമീപത്തെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. രാഹുലിനെ തടഞ്ഞതിന് പിന്നാലെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കുത്തിയിരുന്ന് രഘുപതി രാഘവ രാജാറാം പാടി പ്രതിഷേധിച്ചു. ഇതിനിടെ സ്ഥലം കോണ്‍ഗ്രസ് നേതാക്കളായ എം.പി ഗൗരവ് ഗൊഗോയും എം.എല്‍.എ. സിബമോണി ബോറയും ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബടാദ്രവ ധാനിലേക്ക് പോയി. ഇവര്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഞാന്‍ ശങ്കര്‍ദേവന്റെ ദര്‍ശനങ്ങളെ പിന്തുടരുന്ന ആളാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നതിലല്ല. ഞങ്ങള്‍ക്ക് ഗുരുവിനെ പോലെയാണ് അദ്ദേഹം. ഞങ്ങള്‍ക്ക് വഴികാണിക്കുന്നു. അതിനാല്‍, അസമിലെത്തുമ്പോള്‍ അവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു’, രാഹുല്‍ഗാന്ധി പറഞ്ഞു.

ജനുവരി 11-നാണ് ബടാദ്രവ ധാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ചത്. എന്നാല്‍, സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് ഞായറാഴ്ച അറിയിച്ചു. ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നിടത്ത് ഗൗരവ് ഗൊഗോയിക്കും മറ്റുള്ളവര്‍ക്കും പോവാം, എന്നാല്‍ രാഹുല്‍ഗാന്ധിക്ക് അനുമതി നിഷേധിക്കുന്നു. ഇത് വിചിത്രമാണ്. അപ്പോഴാണോ അവസരം ലഭിക്കുന്നത്, അപ്പോള്‍ ഞാന്‍ ബടാദ്രവയിലേക്ക് പോകും. അസമും മുഴുവന്‍ രാജ്യവും ശങ്കര്‍ദേവന്‍ കാണിച്ച വഴിയേ പോകണമെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.

Top