നീറ്റ്, ജെഇഇ പരീക്ഷകള്‍; സര്‍ക്കാരിന്റെ പരാജയം വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാകരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ നീറ്റ്-ജെഇഇ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാകരുതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എല്ലാവരേയും ശ്രദ്ധിക്കാന്‍ തയ്യാറാവുകയും ഒരു സമവായത്തില്‍ എത്തുകയും വേണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

സ്പീക്കപ്പ് ഇന്ത്യ ഫോര്‍ സ്റ്റുഡന്റ്സ് സേഫ്റ്റി എന്ന ഹാഷ്ഗാഗിലുളള ട്വീറ്റില്‍ ഒരു വീഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിനുമുളള സന്ദേശമാണ് വീഡിയോയിലൂടെ രാഹുല്‍ നല്‍കുന്നത്.

‘നിങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവി. നിങ്ങള്‍ വിദ്യാര്‍ഥികളാണ് രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കെത്തിക്കാന്‍ പോകുന്നവര്‍. കഴിഞ്ഞ മൂന്നു നാലു മാസങ്ങളായി സംഭവിക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. കോവിഡ് 19 കൈകാര്യം ചെയ്തതിലെ പാളിച്ചകളും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എനിക്ക് മനസ്സിലാകാത്തത്, നിങ്ങള്‍ ഉത്തരവാദികളാകേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നാണ്. എന്തിനാണ് നിങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്നത്.സര്‍ക്കാര്‍ എന്തും നിങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.’ രാഹുല്‍ വീഡിയോയില്‍ പറയുന്നു.

Top